(മരണം ഒരുപാടകലെ അല്ലെന്നു നിശ്ചയം ഉള്ളവര്‍.. സ്വപ്നത്തില്‍ ഒരു പുതുജീവിതം ഉണ്ടായിരുന്നവര്‍.. വിധി മുന്നില്‍ മരണത്തെ വെച്ച് നീട്ടിയപ്പോള്‍ ഒടുവില്‍ മനസ്സിനെ മരണത്തെ പ്രണയിക്കാന്‍ പഠിപ്പിക്കുന്നു..)
ആദ്യമെന്‍ മനസ്സിനെ ആര്‍ദ്രമാക്കും
ഒരു നേര്‍ത്ത നോവായ് കടന്നു വന്നു
ഭയമായ്.., വെറുപ്പായ്.., ഒടുവില്‍,
സാന്ത്വനമായ്.. പ്രണയമായ്..
കൊതിയോടെ നോക്കും ഞാനെപ്പോഴും
ആ കരലാളനം ഒന്നേറ്റുവാങ്ങാന്‍
വരുമവനെന്‍ ക്കയ്പിടിക്കാന്‍
ഒരുനാള്‍ നിനച്ചിരിക്കാതൊരുനാള്‍
വിജനമാമെന്‍ ഇടനാഴിയിലെപ്പോഴോ
വരുമവന്‍ ഒരിക്കല്‍ ഒരിക്കല്‍ മാത്രം
മൊഴികള്‍ മൌനത്തിലാഴുമപ്പോള്‍
മിഴികളില്‍ കൂരിരുള്‍ കൂടുകൂട്ടും
സിരയിലൂടൊഴുകും കുളിരിന്‍ ലഹരിയില്‍
മറക്കും ഞാനെന്‍ പോയകാലം
പുടവതന്നെന്നെയവന്‍ കൊണ്ടുപോകും
അഗ്നിയില്‍ ശുദ്ധയായ്, വെണ്‍പട്ടുമായ്,
ഇഹങ്ങള്‍ക്കപ്പുറം വെണ്‍താരമായ്
ആകശതേരേറി ഞാന്‍ യാത്രയാവും
എനിക്കായ് തുറക്കും പുതുലോകം
മനസ്സുകള്‍ വാചാലമാകും ലോകം.




