Tuesday, 10 July 2012

ദൈവം തീര്‍ത്ത കഥകള്‍

ഭൂവില്‍ നാമ്പെടുത്തോരോ ജീവിനും
സ്വജീവിതം കൊണ്ടൊരു കഥയുണ്ട്;
ജനനമരണങ്ങള്‍ക്കിടയില്‍ കോര്‍ത്തൊരു
ജീവിതകഥയുണ്ട് പറയുവാന്‍ !

അക്കഥയ്ക്കിപ്പുറം മായ്ക്കുവാനാവാലിപികളില്‍
കൊത്തുന്ന ശില്‍പ്പിയും, വഴിതെളിച്ചപ്പുറം-
പൂകിയ പൂര്‍വിക ജന്മങ്ങളുമുണ്ട്; ഒരുത്തുടര്‍
കഥയല്ലവയെങ്കിലും ഓര്‍ത്താല്‍ വിചിത്രം !

കാലയവനികയില്‍ പോയ്‌മറഞ്ഞാലും,
സുവര്‍ണ്ണ ലിപികളാല്‍ മോടികൂട്ടി, മായാതെ
മനസ്സുകള്‍ ഏറ്റുപാടും, വേരുകള്‍ വേറെയവ-
യെങ്കിലും, പേരെടുത്തോരോ കഥകളും, നിശ്ചയം!

അവസാനമെത്തുവാന്‍ ആശയില്ലെങ്കിലും
വന്നടുക്കും ഒരു വേര്‍പാട്, നനയിക്കും
ചില മിഴികളെയെങ്കിലും, മിഴിനീര്‍ത്തുടച്ചവ
അരങ്ങൊഴിയും, ഓര്‍മ്മകളായ്‌ പെയ്തിറങ്ങും.

ആടുന്നവര്‍ക്കറിയുമോ ലിഖിതമാം കഥാഗതി?
മുന്‍വിധികള്‍ക്കാവുമോ നേരായ് ഭവിക്കാന്‍ ?
സാധ്യമല്ലെങ്കിലും, ആടിത്തിമിര്‍ക്കും ആദ്യാന്തം,
തുഴപോയ തോണി പോലെങ്കിലും ജീവിതം.

ഇവ്വണ്ണമെങ്കിലുമേകാം  നമ്മുക്ക് ചായങ്ങള്‍,
ചമയങ്ങള്‍, നിറമേറും സ്വപ്‌നങ്ങള്‍, മോഹങ്ങള്‍
ഒടുവിലൊരോര്‍മ്മയായ് മാറുമ്പോള്‍, പിന്നാലെയുള്ളോര്‍
ക്കൊരുവഴികാട്ടിയാകാം, പുതു പാഠമോതാം.