Tuesday, 10 July 2012

ദൈവം തീര്‍ത്ത കഥകള്‍

ഭൂവില്‍ നാമ്പെടുത്തോരോ ജീവിനും
സ്വജീവിതം കൊണ്ടൊരു കഥയുണ്ട്;
ജനനമരണങ്ങള്‍ക്കിടയില്‍ കോര്‍ത്തൊരു
ജീവിതകഥയുണ്ട് പറയുവാന്‍ !

അക്കഥയ്ക്കിപ്പുറം മായ്ക്കുവാനാവാലിപികളില്‍
കൊത്തുന്ന ശില്‍പ്പിയും, വഴിതെളിച്ചപ്പുറം-
പൂകിയ പൂര്‍വിക ജന്മങ്ങളുമുണ്ട്; ഒരുത്തുടര്‍
കഥയല്ലവയെങ്കിലും ഓര്‍ത്താല്‍ വിചിത്രം !

കാലയവനികയില്‍ പോയ്‌മറഞ്ഞാലും,
സുവര്‍ണ്ണ ലിപികളാല്‍ മോടികൂട്ടി, മായാതെ
മനസ്സുകള്‍ ഏറ്റുപാടും, വേരുകള്‍ വേറെയവ-
യെങ്കിലും, പേരെടുത്തോരോ കഥകളും, നിശ്ചയം!

അവസാനമെത്തുവാന്‍ ആശയില്ലെങ്കിലും
വന്നടുക്കും ഒരു വേര്‍പാട്, നനയിക്കും
ചില മിഴികളെയെങ്കിലും, മിഴിനീര്‍ത്തുടച്ചവ
അരങ്ങൊഴിയും, ഓര്‍മ്മകളായ്‌ പെയ്തിറങ്ങും.

ആടുന്നവര്‍ക്കറിയുമോ ലിഖിതമാം കഥാഗതി?
മുന്‍വിധികള്‍ക്കാവുമോ നേരായ് ഭവിക്കാന്‍ ?
സാധ്യമല്ലെങ്കിലും, ആടിത്തിമിര്‍ക്കും ആദ്യാന്തം,
തുഴപോയ തോണി പോലെങ്കിലും ജീവിതം.

ഇവ്വണ്ണമെങ്കിലുമേകാം  നമ്മുക്ക് ചായങ്ങള്‍,
ചമയങ്ങള്‍, നിറമേറും സ്വപ്‌നങ്ങള്‍, മോഹങ്ങള്‍
ഒടുവിലൊരോര്‍മ്മയായ് മാറുമ്പോള്‍, പിന്നാലെയുള്ളോര്‍
ക്കൊരുവഴികാട്ടിയാകാം, പുതു പാഠമോതാം.

Saturday, 10 December 2011

മരണം

(മരണം ഒരുപാടകലെ അല്ലെന്നു നിശ്ചയം ഉള്ളവര്‍.. സ്വപ്നത്തില്‍ ഒരു പുതുജീവിതം ഉണ്ടായിരുന്നവര്‍.. വിധി മുന്നില്‍ മരണത്തെ വെച്ച് നീട്ടിയപ്പോള്‍ ഒടുവില്‍ മനസ്സിനെ മരണത്തെ പ്രണയിക്കാന്‍ പഠിപ്പിക്കുന്നു..)

ആദ്യമെന്‍ മനസ്സിനെ ആര്‍ദ്രമാക്കും
ഒരു നേര്‍ത്ത നോവായ്‌ കടന്നു വന്നു
ഭയമായ്.., വെറുപ്പായ്.., ഒടുവില്‍,
സാന്ത്വനമായ്.. പ്രണയമായ്..
കൊതിയോടെ നോക്കും ഞാനെപ്പോഴും
ആ കരലാളനം ഒന്നേറ്റുവാങ്ങാന്‍
വരുമവനെന്‍ ക്കയ്പിടിക്കാന്‍
ഒരുനാള്‍ നിനച്ചിരിക്കാതൊരുനാള്‍
വിജനമാമെന്‍ ഇടനാഴിയിലെപ്പോഴോ
വരുമവന്‍ ഒരിക്കല്‍ ഒരിക്കല്‍ മാത്രം
മൊഴികള്‍ മൌനത്തിലാഴുമപ്പോള്‍
മിഴികളില്‍ കൂരിരുള്‍ കൂടുകൂട്ടും
സിരയിലൂടൊഴുകും കുളിരിന്‍ ലഹരിയില്‍
മറക്കും ഞാനെന്‍ പോയകാലം
പുടവതന്നെന്നെയവന്‍ കൊണ്ടുപോകും
അഗ്നിയില്‍ ശുദ്ധയായ്, വെണ്‍പട്ടുമായ്‌,
ഇഹങ്ങള്‍ക്കപ്പുറം വെണ്‍താരമായ്
ആകശതേരേറി ഞാന്‍ യാത്രയാവും
എനിക്കായ് തുറക്കും പുതുലോകം
മനസ്സുകള്‍ വാചാലമാകും ലോകം.

Thursday, 8 December 2011

സ്മാര്‍ട്ട്‌ സിറ്റി


(When numerous people having diverse mindsets, aspirations and demands live together for a common cause can lead to following and adopting something good from other cultures and life styles, but.. it should not be done at the cost of dignity of own culture…!)

എന്റെ നാടിന്‍ സ്വപ്നം,എന്റെയും!
യാഥാര്‍ത്യമാവന്‍ ക്ഷണമാത്ര കൂടി.
ബോംബയും ബാംഗ്ലൂരും പായുന്ന പാതയില്‍,
എന്‍കൊച്ചു നഗരവും കൂടുവാന്‍ നേരമായ്

നാടിന്‍റെ യൌവ്വനം വെളിനാട് പുക്കേണ്ട
ഓണം വരുന്നതും പൂരം വരുന്നതും
കൊണ്ടാടാം, പങ്കിടാം സ്നേഹം ഒരുമിച്ചും
ഈ സ്വപ്നമെന്‍ നാട്ടില്‍ ചിറകു വിരിയിച്ചാല്‍.

ങ്കിലുമുണ്ടൊരു ആശങ്കയെന്നില്‍,
എന്റെ സംസ്ക്കാരം?, എന്റെ മലയാളം?
അന്യഭാഷികള്‍ വേരെടുക്കുമ്പോള്‍
പാശ്ചാത്യസംസ്ക്കാരം കുറുകെക്കടന്നേക്കാം!

'മലയാളിയോ നീ?' എന്നൊരുവരി
മുന്നിലെന്നും ചേര്‍ക്കേണ്ടി വന്നേക്കാം,
പിന്നെയെന്‍ മലയാളം സ്വഗൃഹങ്ങളില്‍
മാത്രമായ് കേള്‍ക്കേണ്ടിവന്നേക്കാം.

എങ്കിലും ഉള്ളിന്റെ ഉള്ളില്‍ നീ 
എന്നുമാ മലയാളി ആവണം
മണ്ണിനേം ഭാഷയേം മാറോടണചിട്ടു
വരവേല്‍ക്കാം നമുക്കീ സ്മാര്‍ട്ട്‌ സിറ്റിയെ